കൃഷിചെയ്ത് പട്ടിണിമുക്തമായ ജീവിതം നയിക്കാന്‍ ഒരു കുടുംമ്പത്തിന് അഞ്ചേക്കര്‍ ഭൂമിയും വിളവിറക്കുന്നതിനായി അന്‍പതിനായിരം രൂപയും നല്‍കുക എന്നതാണ് ചെങ്ങറ സമരത്തിന്‍റെ മുഖ്യ ആവശ്യം. നിരവധിയായി നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ ഫലമായി ഒരേക്കര്‍ ഭൂമി യെങ്കിലും ലഭിച്ചാല്‍ സമരം അവസാനിപ്പിക്കാം എന്ന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്.അഞ്ചേക്കര്‍ ഭൂമി എന്നുകേള്‍ക്കുമ്പോള്‍ അത് അത്യാഗ്രഹമല്ലേ എന്ന് പലര്‍ക്കും അഭിപ്രായമുണ്ടായേക്കാം. എന്നാല്‍ കേരളത്തില്‍ സര്‍ക്കാരുകള്‍ നടത്തിയിട്ടുള്ള കൃഷിഭൂമി വിതരങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് തികച്ചും ന്യായമായ ആവശ്യമാണ് എന്ന് ബോധ്യപ്പെടും.
1907 ല്‍ സാധുജന പരിപാലന സംഘം രൂപീകരിച്ച് കൊണ്ട് മഹാനായ അയ്യങ്കാളിയാണ് കൃഷിചെയ്ത് ജീവിക്കാനാവശ്യമായ ഭൂമി അടിയാളര്‍ക്കു പതിച്ചുനല്‍കണമെന്ന് ആദ്യമായി ആവശ്യമുന്നയിച്ചത്. ശ്രീമൂലം പ്രജാസഭയില്‍ അംഗമായതിനുശേഷം സഭയില്‍ ആദ്യം നടത്തിയ പ്രസംഗത്തില്‍ തന്നെ അദ്ദേഹം കൃഷിഭൂമിക്കായുള്ള ആവശ്യം ഉന്നയിച്ചു.ഏഴുവര്‍ഷം നീണ്ടുനിന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി 800 ഏക്കര്‍പുതുവല്‍ ഭൂമി 800 പുലയ കുടുംമ്പങ്ങള്‍ക്കായി പതിച്ചുനല്‍കികൊണ്ടുള്ള ഉത്തരവ് അദ്ദേഹം സമ്പാദിച്ചു. ഏകദേശം ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ ചെങ്ങറ സമരം ഉയര്‍ത്തുന്നതും സമാനമായ ആവശ്യമാണ് എന്നത് യാദൃശ്ഛികമല്ല. സ്വാതന്ത്ര്യം നേടി ആറുപതിറ്റാണ്ട് കഴിഞ്ഞിട്ടും പട്ടിണിയില്‍ നിന്നു മോചനം നേടാന്‍ പോലും പണിയെടുക്കുന്നവന് സാധിക്കുന്നില്ലാ എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് ചെങ്ങറ സമരം ഉയര്‍ന്നു വന്നിരിക്കുന്നത്.
ഏകാധിപതിയായിരുന്ന സി.പി.രാമസ്വാമിഅയ്യരുടെ കാലത്താണ് കോട്ടയം ജില്ലയിലെ കുറിച്ചിയില് പിന്നോക്ക സമുദായത്തില്‍ പെട്ടവര്‍ക്കായി സചിവോത്തമപുരം കോളനി സ്ഥാപിച്ചത്. ഒരു കുടുംമ്പത്തിന് 75 സെന്‍റ് കരകൃഷി ഭൂമിയും അതില്‍താരതമ്യേന നല്ല വീടും അന്ന് നല്‍കിയിരുന്നു. അതോടൊപ്പം സ്കൂള്‍,ആശുപത്രി,ക്ഷേത്രം,സ്മശാനം,തൊഴില്‍ പരിശീലന കേന്ദ്രം തുടങ്ങിയവയും സ്ഥാപിച്ചു നല്‍കിയിരുന്നു. യാഥാസ്ഥിതികനെന്ന് മുദ്രകുത്തപ്പെട്ട പട്ടംതാണുപിള്ള മുഖ്യമന്തിയായിരുന്നപ്പോള്‍ 1960-62 കാലത്ത് ഇടുക്കി ജില്ലയില്‍ ഒരു കുടുംമ്പത്തിന് 5 ഏക്കര്‍ വീതം നല്‍കിയാണ് പട്ടം കോളനി സ്ഥാപിച്ചത്. ഇങ്ങനെ നിരവധി സംഭവങ്ങള്‍ ഭൂവിതരണവുമായി ബന്ധപ്പെട്ട് കേരളചരിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. ഇവയിലൊന്നും വെറും 3 സെന്‍റ് നല്‍കിയല്ല ജനവിരുദ്ധരെന്നു മുദ്രയടിക്കപ്പെട്ടവര്‍പോലും കൃഷി ഭൂമിയുടെ പ്രശ്നം പരിഹരിച്ചതെന്ന് കാണാന്‍ കഴിയും.
1957 ല്‍ ഇ.എം.സ്. മന്ത്രിസഭ പാസാക്കിയ ഭൂപരിഷ്ക്കരണ ബില്ല് ഭേദഗതികളോടെ നിയമാക്കി നടപ്പാക്കിയത് 1970 കളിലാണ്. ഈ നിയമത്തില്‍ തോട്ടങ്ങള്‍ ഒഴിച്ചുള്ള ഭൂമിയുടെ ഉടമസ്ഥതയില്‍ പരിധികള്‍ കൊണ്ടുവന്നു. പ്രായപൂര്‍ത്തിയായ ഒരംഗത്തിന് 5 ഏക്കര്‍ വീതം പരമാവധി 15 ഏക്കര്‍ ഒരു കുടുംബത്തിന് എന്ന രീതിയിലായിരുന്നു ഭൂപരിധി. എന്നാല്‍ ഈ നിയമം വഴി പാട്ടകുടിയാന്‍ മാര്‍ക്കു മാത്രമാണ് ഭൂമി ലഭിച്ചത്. ഭൂമിയില്‍ പണിയെടുത്തിരുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക സമുദായങ്ങളില്‍ പെട്ട അടിയാന്‍മാര്‍ക്ക് കൃഷിഭൂമിയില്‍ ഒരവകാശവും നല്‍കിയില്ല. 10 സെന്‍റ് കുടികിടപ്പും നല്‍കി അവരെ കോളനി നിവാസികളായ കര്‍ഷക തൊഴിലാളികളാക്കി നിലനിര്‍ത്തു കയാണ് ചെയ്തത്. ഭൂപരിഷ്കരണ നിയമമുണ്ടായപ്പോള്‍ ഭൂമിയും വീടും കൈവശം വച്ചിരുന്ന പാട്ടകുടിയാന്‍മാര്‍ക്ക് 15 ഏക്കര്‍ ഭൂമി വീതം പതിച്ചു നല്‍കുന്നതിന് ഒരു തടസ്സവും ഉണ്ടായില്ല. അതേസമയം കര്‍ഷക തൊഴിലാളികളായ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ ഭൂമി നല്‍കാതെ കുടികിടപ്പുകാരാക്കി മാറ്റി നിര്‍ത്തിയതെന്തുകൊണ്ട്? ഇന്നും അവര്‍ കൃഷിഭൂമി ചോദിക്കുമ്പോള്‍ 3 സെന്‍റേ ഒള്ളു എന്നു പറഞ്ഞ് ഒതുക്കുന്നതെന്തുകൊണ്ട്?
കേരളത്തില്‍ ഭൂമിയില്ലേ?
ഭൂപരിഷ്കരണത്തിലൂടെ മിച്ചഭൂമിയായി കണ്ടെത്തിയത് 96851 ഏക്കര്‍ 2004 വരെ വിതരണം ചെയ്തത് 68745 ഏക്കര്‍ ബാക്കി സര്‍ക്കാരിന്‍റെ പക്കലുള്ളത് 28106 ഏക്കര്‍. ഇതില്‍ 7000 ഏക്കര്‍ അനുവദിച്ചാല്‍ ഈ സമരം അവസാനിപ്പിക്കാം. അപ്പോള്‍ ഭൂമിയില്ല എന്നു പറയുന്നതില്‍ കഴമ്പെന്ത്? കൃഷി ഭൂമി ചോദിക്കുമ്പോള്‍ 3 സെന്‍റ് വീടുവയ്ക്കാന്‍ തരാം എന്നു പറയുന്നതിന്‍റെ അര്‍ത്ഥമെന്താണ്? 75000 രൂപാ കൊണ്ട് ഒരു വീടിന്‍റെ തറയെങ്കിലും കെട്ടാന്‍പറ്റുമോ? പട്ടികജാതിക്കാരന്‍ 3 സെന്‍റില്‍ ഒരുകുടിലും വച്ചു കിടന്നോണം എന്നാണൊ?
ഇനി ഭൂരഹിതരെല്ലാം ഭൂമി ചോദിച്ചു വന്നാല്‍ എന്തു ചെയ്യുമെന്നാണ് ആവലാതിയെങ്കില്‍ അതിനും നീതിയുക്തമായ പരിഹാരമുണ്ട്. മണ്ണില്‍ പണിയെടുക്കുന്നവര്‍ക്കാണ് ഭൂമിയില്‍ അവകാശം നല്‍കേണ്ടത്. അവരെ തിരിച്ചറിയാന്‍ സര്‍ക്കാരിന്‍റെ സംവിധാനങ്ങള്‍ ഉപയോഗിച്ച് കഴിയും. (എന്നാല്‍ വന്‍കിട വ്യവസായികള്‍ക്ക് സെസ്സ് നിര്‍മ്മിക്കാനും റിയലെസ്റ്റേറ്റ് കച്ചവടത്തിനും അതുപോലെ കരാര്‍ കൃഷിക്കായും ഭൂമി പതിച്ചുനല്‍കുക എന്ന നയമാണ് സര്‍ക്കാരുകള്‍ ഇപ്പോള്‍ പിന്തുടരുന്നത്.) ഭൂമി എവിടെ എന്നാണ് ഇനി ചോദ്യം അവശേഷിക്കുന്നത്. അതിനും ഉത്തരമുണ്ട്. റവന്യു പ്രിന്‍സിപ്പള്‍ സെക്രട്ടറി നിവേദിതാ പി. ഹരന്‍റേയും ജസ്റ്റിസ് മനോഹരന്‍ കമ്മിഷന്‍റേയും റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാല്‍ ഹാരിസണ്‍ മലയാളം, റ്റാറ്റാ തുടങ്ങിയവരുടെ കൈവശം 2 ലക്ഷത്തിലധികം ഏക്കര്‍ പാട്ടകാലാവധി കഴിഞ്ഞ ഭൂമിയുണ്ട്. ഈ ഭൂമി കാലോചിതമായി വിതരണം ചെയ്താല്‍ കേരളത്തിലെ ഭൂരഹിത കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും.
പൂര്‍ത്തിയായിട്ടില്ല.........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ